Saturday, February 5, 2011

അഴിമതിക്കഥകള്‍ നീളുന്നു...testing

; ദുര്‍മരണങ്ങളിലേക്ക്

കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് പാലക്കാട് വാളയാറിലെ മലബാര്‍ സിമന്റ്‌സ്. എന്നാല്‍ സ്ഥാപനത്തിന്റെ ലാഭക്കണക്കുകളേക്കാള്‍ വലുതാണ് ഇവിടെനിന്നുയരുന്ന അഴിമതിയുടെ കറുത്തപുക. ഭരണചക്രം തിരിക്കുന്നവരിലെ മാറ്റത്തിനും അഴിമതിക്കെതിരായ കുരിശുയുദ്ധത്തിനുമൊന്നും തകര്‍ക്കാനാവാത്തത്രയും വലുതായി ഈ അഴിമതിയുടെ സാമ്രാജ്യം. സിമന്റ്‌സിലെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും ദുരൂഹമരണത്തിന്റെ സാഹചര്യത്തില്‍ ഈ അഴിമതിക്കഥകളിലേക്കൊരു അന്വേഷണം ഇന്നുമുതല്‍.



പാലക്കാട്: തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ ഭരണചക്രം തിരിക്കുന്നത് ആരുമാവട്ടെ, വ്യവസായവകുപ്പ് ഏതുമുന്നണിക്കാരും സ്വന്തമാക്കട്ടെ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ പാലക്കാട്ടെ മലബാര്‍ സിമന്റ്‌സില്‍ ഇല അനങ്ങണമെങ്കില്‍ ഒരു ബാഹ്യശക്തി കനിയണം.

കമ്പനിയുടെ നടത്തിപ്പ്, കരാറുകള്‍, നിയമനങ്ങള്‍, എന്നിവസംബന്ധിച്ച് അവസാനവാക്ക് ഈ കേന്ദ്രത്തില്‍ നിന്നുവരണം. ഇതിന് മറുവാക്കില്ല. അനുസരിച്ചില്ലെങ്കില്‍ പിന്നെ പ്രലോഭനം, ഭീഷണി, സ്ഥലംമാറ്റം... ഒന്നിനും വഴങ്ങിയില്ലെങ്കില്‍ മുന്‍ കമ്പനിസെക്രട്ടറി വി. ശശീന്ദ്രനും മക്കള്‍ക്കും സംഭവിച്ചതുപോലെ ഒരു മുഴം കയറില്‍ ജീവിതാവസാനം.
ജീവനില്‍പ്പേടിച്ച് ഉദ്യോഗസ്ഥര്‍ വഴങ്ങുന്നു. അല്ലെങ്കില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. ഇതിനൊന്നും വയ്യാത്തവര്‍ രാജിവെച്ച് പുറത്തേക്ക്. രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം പണംകൊടുത്ത് ചൊല്‍പ്പടിക്കുനിര്‍ത്തി. കേരളത്തിന്റെ അഭിമാനസ്തംഭമായ മലബാര്‍ സിമന്റ്‌സില്‍ നീതിയും ന്യായവും നിയമവുമെല്ലാം നാണംകെട്ട് തലകുനിച്ചുനില്‍ക്കുന്നു. പുറത്തുവരുന്നതെല്ലാം നാറുന്നകഥകള്‍ മാത്രം.
ഇതാ ഒരു കഥ: ലെറ്റര്‍പ്പാഡില്‍മാത്രമുള്ള കമ്പനിക്ക് കോടികളുടെ ചുണ്ണാമ്പ് കയറ്റിറക്ക് കരാര്‍. അത് നല്‍കുമ്പോള്‍ ആരും ഒന്നും പരിശോധിക്കാന്‍ മെനക്കെട്ടില്ല. ചുണ്ണാമ്പുകല്ല് ഖനിയില്‍ എത്ര സ്റ്റോക്കുണ്ടെന്നും നോക്കിയില്ല.
ബില്ലിനനുസരിച്ച് കരാറുകാരന് കോടികളുടെ ഇടപാട് നടത്തിക്കൊടുക്കാന്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായവകുപ്പും പരസ്​പരം മത്സരിക്കുന്ന സ്ഥിതി.

ഇതിന്റെ അനന്തരഫലമോ, വിജിലന്‍സ്‌വിഭാഗം നാല് കേസുമാത്രം അന്വേഷിച്ചപ്പോഴക്കേും 20 കോടിയുടെ അഴിമതി പുറത്തുവന്നു. ഇനിയും പുറത്തുവരാത്ത കേസുകള്‍ നിരവധി.
2004-06 കാലത്താണ് മലബാര്‍ സിമന്റ്‌സില്‍ കൊടിയ അഴിമതികള്‍ അരങ്ങേറുന്നത്. സിമന്റ് നിര്‍മാണത്തിനുവേണ്ട ഫ്‌ളൈആഷ് കടത്തുകരാറിലെ അഴിമതിമാത്രം പരിശോധിച്ചാല്‍ ചിത്രം വ്യക്തമാകും.
സിമന്റ് നിര്‍മാണത്തിനുവേണ്ട ഫ്‌ളൈആഷ് കരാര്‍ നല്‍കിയത് പാലക്കാട്ടെ വ്യവസായി വി.എം. രാധാകൃഷ്ണന്‍ മാനേജിങ് ഡയറക്ടറായ കോയമ്പത്തൂരിലെ എ.ആര്‍.കെ.വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്. ഈ ഫ്‌ളൈആഷ് വാളയാറിലെ ഫാക്ടറിയില്‍ എത്തിക്കാനുള്ള കടത്തുകരാര്‍ നല്‍കിയതോ രാധാകൃഷ്ണന്റെതന്നെ തൂത്തുക്കുടിയിലെ എസ്.ആര്‍.വി. ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തിനും. സ്വന്തമായി വണ്ടികളോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഈ കമ്പനിക്കില്ലെന്ന് വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

തൂത്തുക്കുടിയില്‍നിന്നാണ് ഫ്‌ളൈആഷ് എത്തിക്കേണ്ടിയിരുന്നത്. എന്നാല്‍, സേലം മേട്ടൂരില്‍ നിന്നാണ് പകുതിയിലേറെ ഫ്‌ളൈആഷ് വാളയാറിലെ കമ്പനിയില്‍ വന്നത്. പക്ഷേ, കരാറുകാരന്‍ ബില്ല് സമര്‍പ്പിച്ചത് തൂത്തുക്കുടിയിലെ ഓഫീസ് മേല്‍വിലാസത്തിലും. വാളയാറില്‍നിന്ന് മേട്ടൂരിലേക്ക് 165 കിലോമീറ്ററുണ്ട്. തൂത്തുകുടിയിലേക്ക് 385 കിലോമീറ്ററും. 220 കിലോമീറ്ററിന് വ്യാജ ബില്ലുണ്ടാക്കിയാണ് തട്ടിപ്പ്. ഈ കരാറില്‍മാത്രം 16.17 കോടി രൂപയാണ് കറാറുകാരന്‍ പോക്കറ്റിലാക്കിയതായി വിജിലന്‍ സ് കണ്ടെത്തിയത്. മതിയായ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് എസ്.ആര്‍.വി. ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

12.11.2008ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 1.51 കോടിയുടെ ക്രമക്കേടാണ് കേസില്‍ ആദ്യം കണ്ടെത്തിയത്.
അന്വേഷണം അവസാനിച്ച് കുറ്റപത്രം നല്‍കിയപ്പോള്‍ വെട്ടിപ്പില്‍ 14.6 കോടിയുടെ അഴിമതികൂടി തെളിഞ്ഞു. ഈ കേസില്‍ അന്നത്തെ മാനേജിങ്ഡയറക്ടര്‍ എസ്.എസ്.മോനിയാണ് ഒന്നാംപ്രതി. കരാറുകാരന്‍ വി.എം. രാധാകൃഷ്ണന്‍ മൂന്നാംപ്രതിയും. മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി അഞ്ചാംപ്രതിയും.

രാധാകൃഷ്ണന്‍ മാനേജിങ് പാര്‍ട്ണറായ ക്രസന്റ് മൈന്‍സ് എന്ന സ്ഥാപനത്തിനുനല്‍കിയ കരാറില്‍ 27 ലക്ഷത്തിന്റെ അഴിമതി. ഇതില്‍ കുറ്റപത്രം നല്‍കി. എ.ആര്‍.കെ.വുഡ് ആന്‍ഡ് മെറ്റല്‍ കമ്പനിക്ക് നല്‍കിയ ഫ്‌ളൈആഷ് കരാറില്‍ രണ്ടരക്കോടിയുടെ വെട്ടിപ്പാണുള്ളത്.
മലബാര്‍ സിമന്റ്‌സിന്റെ ചേര്‍ത്തല യൂണിറ്റില്‍ സിമന്റ് മില്ലില്‍ ഉപയോഗിക്കുന്ന ലൈനര്‍പ്ലേറ്റ് വാങ്ങിയതില്‍ 75 ലക്ഷം നഷ്ടംവന്നു. ഈ രണ്ടുകേസില്‍ ഉടന്‍ കുറ്റപത്രം നല്‍കും. കമ്പനിയിലേക്ക് പ്ലാസ്റ്റിക് ചാക്ക് വാങ്ങിയ കേസില്‍ പ്രാഥമികപരിശോധന കഴിഞ്ഞു. ഇതില്‍ നാലു കോടിയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
മലബാര്‍ സിമന്റ്‌സില്‍ മൊത്തം 400 കോടിയുടെ അഴിമതി നടന്നെന്നാണ് അക്കൗണ്ടന്റ് ജനറല്‍ 2007ല്‍ കണ്ടെത്തിയത്. വിജിലന്‍സ് വിശദമായ പരിശോധന നടത്തി നാലുകേസുകള്‍ ഇതിനകം രജിസ്റ്റര്‍ചെയ്തു. തുടക്കം മുതല്‍ അന്വേഷണം മരവിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.